കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള കരട് വോട്ടര്‍ പട്ടിക ഈ മാസം 20ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയായതിനാല്‍ 2015ന് ശേഷം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പേര് ചേര്‍ക്കേണ്ടി വരും. 30 ലക്ഷത്തോളം പേര്‍ക്ക് പേര് ചേര്‍ക്കേണ്ടി വരുമെന്നാണ് കണക്ക്. ഫെബ്രുവരി 28നാണ് അന്തിമ പട്ടിക നിലവില്‍ വരിക. സംസ്ഥാനത്ത് നിലവിലുളള തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാലാവധി വരുന്ന നവംബര്‍ ഒന്നിന് പൂര്‍ത്തിയാകുന്നതിനാല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം.
കരട് പട്ടികയെന്നാല്‍ 2015ല്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ അതേ പട്ടിക ആയതിനാല്‍ ഇതിനു ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരെല്ലാം ഫെബ്രുവരി 28നകം പേര് ചേര്‍ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പഞ്ചായത്ത്, നഗരസഭാ, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനാകൂ. അതായത് കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യമായി വോട്ട് ചെയ്തവരെല്ലാം പേര് ചേര്‍ക്കേണ്ടി വരും.