നെടുമങ്ങാട് : സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണവും തട്ടിപ്പറിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. പാലോട് പച്ച ജവഹർ കോളനി ബ്ലോക്ക് നമ്പർ 15ൽ എസ്.അൻസിലാണ് (19) അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്നയാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിലെത്തിയ സംഘം വഴി ചോദിക്കാനെന്ന വ്യാജേന സന്ധ്യക്ക് തടഞ്ഞ് നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച് കഴുത്തിൽ നിന്നും മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാല പിടിച്ചുപറിക്കുകയായിരുന്നു. അതേ രാത്രിയിൽ മറ്റൊരു കാൽനട യാത്രക്കാരിയെ ചവിട്ടി തള്ളിയിട്ട് 5000 രൂപയും പാസ്പോർട്ടും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്ത രണ്ടംഗ സംഘത്തിൽ ഒരാളെയാണ് പിടികൂടിയത്.
പനവൂർ സ്വദേശിയും കെഎസ്ആർടിസി കണ്ടക്ടറുമായ സിനി ഇക്കഴിഞ്ഞ 30ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ വൈകിട്ട് 6.30ന് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ജംഗ്ഷന് സമീപം ബൈക്കിൽ വന്നവർ ദേഹോപദ്രവം ഏൽപിച്ച് സ്വർണമാല പിടിച്ചു പറിക്കുകയും അതേദിവസം തന്നെ രാത്രി 9.30യോടെ പുത്തൻപാലം ജംക്‌ഷനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന പനവൂർ കല്ലിയോട് സ്വദേശി സബിതയെ ചവിട്ടി തള്ളിയിട്ട് ബാഗ് തട്ടിയെടുക്കുകയുമായിരുന്നു . പിറ്റേ ദിവസം ആനാട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണവും നെടുമങ്ങാട്ടെ ഒരു ബാറിലെ സിസിടിവിയിലെ ദൃശ്യങ്ങളുമാണ് പ്രതികളെ പിടികൂടുവാന്‍ സഹായിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം സിഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. അറസ്റ്റിലായ അൻസിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.