ന്യൂഡൽഹി : മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്തേ ട്രംപ് പരിപാടി ഒരു സൂപ്പർ താരസംഗമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം പരിപാടിയിലേക്ക് ക്ഷണമുണ്ട്. എ.ആർ റഹ്മാൻ നയിക്കുന്ന സംഗീത നിശയും ഉണ്ടാവുമെന്നാണ് വിവരം.
അതീവ രഹസ്യമായാണ് നമസ്കാരം ട്രംപ് പരിപാടിയുടെ ഒരുക്കങ്ങളെല്ലാം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കൂടിയാവുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ സച്ചിനും കപിൽ ദേവും, സുനിൽ ഗവാസ്കറും എത്തുമെന്നാണ് വിവരം. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഗുജറാത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായ പാർഥിവ് പട്ടേൽ ഫാസ്റ്റ്ബൗളർ ജസ്പ്രീത് ബുംറ എന്നിവർക്കും ക്ഷണമുണ്ട്.
പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അതിഥികൾ സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലെത്തണമെന്നാണ് നിർദ്ദേശം. വമ്പൻ സംഗീത നിശയ്ക്കുള്ള ഒരുക്കങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. എ ആർ റഹ്മാൻ സോനു നിഗം എന്നിവരുടെ പേരുകളാണ് കലാപരിപാടികൾക്കാണ് ക്ഷണിച്ചവരുടെ ലിസ്റ്റിലുള്ളത്. എആർ റഹ്മാന്റെ ജയ്ഹോ സ്റ്റേഡിയത്തിൽ ആവേശമുയർത്തുന്നത് കാത്തിരിക്കുന്നുണ്ട് സംഗീതാസ്വാദകർ. ഗുജറാത്തി നാടോടി സംഗീതഞ്ജരായ കിർത്തിദാൻ ഗാഡ്‍വി പാർഥിവ് ഗോഹിൽ എന്നിവരുടെ പരിപാടിയും ഉണ്ടാവും.