കോട്ടയം : പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.
പരാമർശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല എല്ലാ മനുഷ്യർക്കും ബാധകമായ പൊതുസാഹചര്യം. ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ലെന്ന് വിശദികരണം. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ട് പോകാം.
മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് പാലാ ബിഷപ്പ് ഉദ്ദേശിച്ചത് എന്നാണ് അതിരൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പാല രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം പങ്കുവച്ചത് എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വിവാദവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി സൗഹാര്‍ദ പരമായി മുന്നോട്ട് പോവാമെന്നും അതിരൂപത വ്യക്തമാക്കുന്നു.