ചെന്നൈ: തമിഴ്നാട്ടിൽ മഴക്കിടെ പൊളിഞ്ഞ പാലത്തിന്‍റെ സിമൻറ് ബ്ലോക്കുകൾ പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ദേശീയപാത അതോറിറ്റി. തഞ്ചാവൂരില്‍ ദേശീയപാത 67 ലാണ് വിചിത്രമായ രീതിയിൽ പാത നന്നാക്കിയത്. അതേസമയം പാലം സുരക്ഷിതമാണെന്നാണ് അറ്റക്കുറ്റപ്പണി നടത്തിയ സ്വകാര്യ ഏജൻസിയുടെ വാദം. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ പെയ്ത ശക്തമായ മഴക്കിടെയാണ് നാഗപട്ടണം – മൈസൂർ ഹൈവേയിലെ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത 67ലെ സെങ്കിപ്പെട്ടി ഭാഗത്ത് പാതയിടിഞ്ഞ് മണ്ണും കല്ലും സർവീസ് റോഡിലെത്തി. ഇവ വേഗത്തിൽ നീക്കം ചെയ്ത റോഡ് ഗതാഗത യോഗ്യമാക്കി. പിന്നീടാണ് ദേശീയപാത അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തിയത്.
മണ്ണും കല്ലും നിറച്ച് കോൺക്രീറ്റ് സ്ലാബുകൾ എടുത്തുവച്ചു. കോൺക്രീറ്റ് ബ്ലോക്കുകൾ തമ്മിൽ യോജിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് ടേപ്പും ഒട്ടിച്ചു.അറ്റകുറ്റപ്പണികൾ നടത്താൻ കരാർ നൽകിയ സ്വകാര്യ ഏജൻസിയാണ് ടേപ്പ് ഒട്ടിച്ചതെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. ഇവർക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് അതോറിറ്റി അറിയിച്ചു. സംരക്ഷണഭിത്തി സ്വയമേ ലോക്കാകുന്ന കോൺക്രീറ്റ് സ്ലാബുകൾ ആണെന്നും, പാത സുരക്ഷിതമാണെന്നുമാണ് സ്വകാര്യ ഏജൻസിയുടെ വാദം. എങ്കിൽ പിന്നെ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് പരിഭ്രാന്തി പരത്തിയതെന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.