ചെങ്ങന്നൂർ : കുടുംബശ്രീ, വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കുന്ന ദേശീയ സരസ്സ് മേള 2025 മേളയുടെ സംഘാടക സമിതി രൂപീകരണയോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ശോഭ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം സലിം , പി.കെ.വേണുഗോപാൽ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, എം ശശികുമാർ, ഹേമലത മോഹൻ, കെ കെ സദാനന്ദൻ, ടി വി രത്നകുമാരി, എം ജി ശ്രീകുമാർ, ജി വിവേക്, ഉമ്മൻ ആലുംമ്മൂട്ടിൽ , ടിറ്റി എം വർഗ്ഗീസ്, ശശികുമാർ ചെറുകോൽ, പി ആർ രമേശ് കുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഡിഎംസി എസ് രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ( ചെയർമാൻ), ജില്ല കലക്ടർ അലക്സ്.എം. വർഗ്ഗീസ് ഐഎഎസ് (ജനറൽ കൺവീനർ), കുടുംബശ്രീ ഡിഎംസി എസ് രഞ്ജിത്ത് ( കൺവീനർ) ആയുള്ള 1001 അംഗ ജനറൽ കമ്മിറ്റിയം 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു
ചെങ്ങന്നൂർ ജനുവരി 17 മുതൽ 28 വരെ നടക്കുന്ന സരസ്സ് മേളയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിത സംരംഭങ്ങളുടെ പ്രദർശനവും വിപണനവും സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഫുഡ്കോർട്ടും ഉൾപ്പെടെ 450 ലേറെ സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നമ്മുടെ നാട്ടിലെ കുടുംബശ്രീ വനിതകളുടെ ശാക്തീകരണത്തിനായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുകയും അതിനായി നൂതന അശയങ്ങൾ ആവിഷ്ക്കരിക്കുകയുമാണ് സരസ്സ് മേളയുടെ ലക്ഷ്യം. 12 ദിവസത്തെ മേളയിൽ സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, ഘോഷയാത്ര ഉൾപ്പെടെ വിവിധ പരിപാടികളും ഉണ്ടാകും. ചെങ്ങന്നൂർ പെരുമയുമായി യോജിച്ചുള്ള പരിപാടികളും സിബിഎൽ വളളംകളിയും ഈ ദിവസങ്ങളിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.