പത്തനംതിട്ട : വനം വകുപ്പിന്റെ കർഷകദ്രോഹ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചിറ്റാർ കൊലപാതകവും പട്ടയഭൂമിയെ സംബന്ധിച്ച പുതിയ ഉത്തരവും. ചിറ്റാറിലെ മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വനം വകുപ്പിന്റെ നടപടികളിലെ വീഴ്ചകൾ പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവധിയിൽ പ്രവേശിപ്പിച്ചതും സ്ഥലം മാറ്റിയതും പരിഹാരമല്ല. കൊലക്കുറ്റത്തിന് കേസെടുത്ത് ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസും ആവശ്യപ്പെട്ടു.
കൃഷി ഭൂമി വനഭൂമിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവ് കർഷകർക്ക് ഇരുട്ടടിയാണ്. കൃഷി ഭൂമിയുടെ പേരിൽ കാർഷിക വായ്പകൾ പോലും ബാങ്കുകൾ കർഷകർക്ക് നിഷേധിക്കുമ്പോൾ ഉദ്യോഗസ്ഥർ മുടന്തൻ ന്യായങ്ങളുയർത്തി പ്രതിരോധിക്കുന്നത് ക്രൂരതയാണ്. കൊറോണാ പ്രതിസന്ധിയിൽ ബാങ്കുകളുടെ സമീപനം കർഷകരുടെ ദുരിതം വര്‍ധിപ്പിക്കും. 5 ഹെക്ടറിൽ താഴെയുള്ള ഒരു പാറമടക്കു അനുമതി നിഷേധിക്കാൻ ആയിരക്കണക്കിന് കർഷകരുടെ ഭൂമി വനഭൂമിയാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസും അറിയിച്ചു.