കൊച്ചി: പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവെച്ചത്. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടി. ഹർജിയിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷിയാക്കി നോട്ടീസിന് നിർദേശിച്ചു. വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. സർക്കാർവകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു.