ദില്ലി: എന്‍സിഇആര്‍ടി പത്താംക്ലാസിലെ ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും. ഡാര്‍വിന്‍ സിദ്ധാന്തമുള്‍പ്പടെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രഞ്ജര്‍ തുറന്ന കത്തെഴുതി. നേരത്തെ ചരിത്രപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്‍സിഇആര്‍ടി പത്താംക്ലാസിലെ ഒമ്പതാമത്തെ പാഠഭാഗത്തിന്റെ പേര് ഹെറിഡിറ്റി ആന്റ് ഇവല്യൂഷന്‍ ( പാരമ്പര്യവും പരിണാമവും) എന്നായിരുന്നു. ഇതില്‍ പരിണാമം പൂര്‍ണമായും ഒഴിവാക്കി ഹെറിഡിറ്റി മാത്രമാക്കിയതിനെതിരെയാണ് പ്രതിഷേധം.
കേവലം ജീവശാസ്ത്ര വിഷയമായി പരിണാമ സിദ്ധാന്തത്തെ കാണാന്‍ കഴിയില്ലെന്നും വൈദ്യശാസ്ത്രം, മരുന്ന് നിര്‍മ്മാണം, പരിസ്ഥിതി , മനശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സിദ്ധാന്തം അത്യന്താപേക്ഷിതമാണ് എന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും രൂപപ്പെടുത്തുന്നതില്‍ പരിണാമ സിദ്ധാന്തത്തിനുള്ള പങ്ക് നിര്‍ണായകമാണ്. അതിനാല്‍ ശാസ്ത്ര പുസ്തകങ്ങളില്‍ മതിയായ പ്രാധാന്യത്തോടെ ഇത് ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.