കോഴിക്കോട് : ഐ.എന്‍.എല്‍ അഖിലേന്ത്യ നേതൃത്വത്തെ തള്ളി പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പക്ഷം. സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കാന്‍ അഖിലേന്ത്യ പ്രസിഡന്റിന് ഭരണഘടനാപരമായി അവകാശമില്ലെന്ന വാദമുയര്‍ത്തിയാണ് ഔദ്യോഗിക പാര്‍ട്ടി തങ്ങളുടേതാണെന്ന കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ അവകാശവാദത്തെ അവര്‍ ഖണ്ഡിക്കുന്നത്.
നിലവിലെ അഖിലേന്ത്യ കമ്മിറ്റി ഭരണഘടനാപരമായ ഉപാധികളാല്‍ തിരഞ്ഞെടുക്കപ്പെട്ടതല്ലെന്നാണ് അവരുടെ വാദം. 25,000 അംഗങ്ങള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന നിലയിലാണ് ദേശീയ കമ്മിറ്റി ഉണ്ടാകേണ്ടത്. 2018-21 കാലത്ത് ഒരു ദേശീയ കൗണ്‍സിലറും കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും മെംബര്‍ഷിപ് ക്യാമ്പയിന് നടന്നിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ അഖിലേന്ത്യ പ്രസിഡന്റ് ഭരണഘടനാപരമായി സാധ്യതയില്ലെന്നും വഹാബ് പക്ഷം ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് മൂന്നിന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുനഃസംഘടന നടത്തി മെംബര്‍ഷിപ് ക്യാമ്പയിനുമായി മുന്നോട്ടുപോകാനാണ് വഹാബ് ഗ്രൂപ്പിന്റെപദ്ധതി. ഇതിനിടയില്‍ ഔദ്യോഗിക പക്ഷമെന്ന അവകാശവാദമുയര്‍ത്തി മറുപക്ഷം പ്രവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് കാസിം പക്ഷം ഇതിനെ പ്രതിരോധിക്കുന്നത്. സംസ്ഥാന പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും നീക്കാനും കമ്മിറ്റി പിരിച്ചുവിടാനുമുള്ള അധികാരം ഭരണണഘടനപ്രകാരം അഖിലേന്ത്യ പ്രസിഡന്റിനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇരുവിഭാഗവും ഔദ്യോഗികപക്ഷമെന്ന വാദമുയര്‍ത്തി നിയമനടപടികളിലേക്ക് നീങ്ങി പ്രശ്നം ഇനിയും സങ്കീര്‍ണമായാല്‍ ഇടതുമുന്നണി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതിലാണ് ഇരുപക്ഷത്തിന്റെയും ഭാവി. എതിര് വിഭാഗത്തിനെതിരെ കടുത്ത വിമര്നമുയര്ത്തി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങുകയാണ് പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ്. കാസിം ഇരിക്കൂറിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളാണ് മുഴുവന്‍ പ്രശ്നങ്ങളുടെയും കാതലെന്ന് വഹാബ് പറഞ്ഞു. 2018 മുതല്‍ പാര്‍ട്ടിയില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. വ്യക്തികള്‍ തമ്മിലെ തര്‍ക്കമല്ല പാര്‍ട്ടിയിലുള്ളതെന്നും നിലപാടുകളുടെ പ്രശ്നമാണെന്നും പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമാണെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ താന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്റെവാദം അസംബന്ധമാണ്. പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നതിനെ താന്‍ തടയുകയായിരുന്നു. പാര്‍ട്ടിക്ക് മുന്നണിപ്രവേശനവും ഭരണപങ്കാളിത്തവും ലഭിക്കുമെന്നുറപ്പായപ്പോള്‍ പാര്‍ട്ടിയില്‍ ചേക്കേറിയയാളാണ് പാര്‍ട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത്. പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്തല്ല. പാര്‍ട്ടി ഓഫിസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും വഹാബ് മുന്നറിയിപ്പ് നല്കി.