പാലക്കാട് : പാർട്ടിയുടെ മുന്നണിമാറ്റം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി ഇടതുമുന്നണിയിൽതന്നെ ഉറച്ചുനിൽക്കും. ടി.പി.പീതാംബരന്റെയും എന്റെയും നിലപാടിൽ വൈരുദ്ധ്യമില്ല. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. എൻസിപിയിലെ തർക്കം മുന്നണിയിൽ പരിഹരിക്കും. പാർട്ടിയിൽ തലമുറമാറ്റം എല്ലാവർക്കും ബാധകമാണെന്നും ശശീന്ദ്രൻ നിർദേശിച്ചു.
തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച പാർട്ടി പ്രവർത്തകർക്കുളള സ്വീകരണയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. യുഡിഎഫിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് ടി.പി.പീതാംബരനും രംഗത്ത് വന്നിരുന്നു. പാലാ അടക്കമുള്ള നാലു സീറ്റിലും എൻസിപി മത്സരിക്കുമെന്ന് പീതാംബരന്‍ ആവർത്തിച്ചു. ഇക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.