ഡൽഹി: പ്രളയക്കെടുതിയില്‍ നിന്ന് ഡല്‍ഹിയും പരിസര പ്രദേശങ്ങളും ഇനിയും മുക്തമായിട്ടില്ല. വെള്ളക്കെട്ടില്‍ വീണ് മൂന്ന് യുവാക്കളാണ് കഴിഞ്ഞ ദിവസം മരിച്ചത്. മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ട്. ദുരിതവാര്‍ത്തകള്‍ക്കിടയില്‍ അല്‍പം ‘വില’യേറിയ ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ വാര്‍ത്ത ദേശീയ ദുരന്തനിവാരണ സേന പങ്കുവച്ചത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരു കോടി രൂപ വിലയുള്ള ‘പ്രിതം’ ഇനത്തില്‍പ്പെട്ട കാളയാണ് പ്രളയത്തില്‍ നിന്നും സേന രക്ഷിച്ചെടുത്ത വിഐപി.
ഗാസിയാബാദിലെ എന്‍ഡിആര്‍എഫ് സംഘമാണ് നോയിഡയിലെ പ്രളയബാധിത പ്രദേശത്ത് നിന്നും രാജ്യത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കാളയെ രക്ഷിച്ചത്. വെള്ളത്തിലകപ്പെട്ടുപോയെ കാളകളുടെ ശരീരത്തോട് റിങ്ബോയ ചേര്‍ത്ത് കെട്ടി അത് ബോട്ടുമായി ബന്ധിപ്പിച്ച് ഒപ്പം രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് കാളകളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. മൃഗങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രക്ഷിച്ചുവെന്നും സേനയുടെ സന്തോഷട്വീറ്റില്‍ പറയുന്നു. ആയിരക്കണക്കിന് മൃഗങ്ങളെയാണ് ഇതിനകം ദുരന്തനിവാരണസേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.