കട്ടപ്പന : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട മുന്‍ എഎസ്‌ഐ മദ്യപിച്ചു വാഹനമോടിച്ചു സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയതായി പരാതി. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ക്കു പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ കട്ടപ്പന റെസ്റ്റ് ഹൗസിനു സമീപമായിരുന്നു അപകടം.
ഇരു വാഹനങ്ങളും പള്ളിക്കവല ഭാഗത്തേക്കു പോകുകയായിരുന്നു. പിന്നാലെയെത്തിയ മുന്‍ എഎസ്‌ഐ ഓടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചു വണ്ടിയെ നിരക്കിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇദ്ദേഹം വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്.