പത്തനംതിട്ട : കോവിഡ് ബാധിതരുടെ എണ്ണം ദിവസേന വര്‍ധിച്ചു വരുന്നതിനാല്‍ രോഗ ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലയിലുള്ള എല്ലാ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ഉപയോഗിക്കാന്‍ പറ്റുന്ന സാധാരണ ബെഡുകളുടെയും ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം ജൂലൈ 24 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാഭരണകൂടത്തെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കളക്ടറേറ്റില്‍ സ്വകാര്യ ആശുപത്രികളിലെ പ്രതിനിധികളുമായി നടത്തിയ അഞ്ചാമത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 75 സി.എഫ്.എല്‍.ടി.സികള്‍ക്കായുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങുകയാണ്. സി.എഫ്.എല്‍.ടി.സികളില്‍ രോഗികളെ പരിചരിക്കുന്നതിനായി പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ആവശ്യമുണ്ട്. ഇതിനായി ഐഎംഎയില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാക്കും. സി.എഫ്.എല്‍.ടി.സികളില്‍ എല്ലാം കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനായി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളെ സ്വകാര്യ ആശുപത്രികളില്‍ കൂടി അഡ്മിറ്റ് ചെയ്ത് പ്രസവ ശുശ്രൂഷ ഏറ്റെടുക്കേണ്ടതായി വരും.
സ്വകാര്യ ആശുപത്രികള്‍ക്കുള്ള സര്‍ക്കാരിന്റെ പി.എം.എ.വൈ കാസ്പ് കോവിഡ് 19 പാക്കേജ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ച് താല്‍പര്യമുള്ളവര്‍ ജില്ലാഭരണകൂടത്തെ അറിയിക്കാനും രജിസ്ട്രേഷന്‍ ആവശ്യമുള്ളവര്‍ ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു. ഒപ്പം സ്വകാര്യ ആശുപത്രികള്‍ കാസ്പുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഐഎംഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.