ആലപ്പുഴ: ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ സാവകാശം വേണമെന്ന് ജില്ലാഭരണകൂടം. അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ മൂന്ന് മാസത്തെ സമയം അനുവദിക്കും. അതിനു ശേഷം മാത്രമെ കർശന നടപടിയിലേക്ക് നീങ്ങൂ. അതേസമയം വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കുന്നതടക്കം കർശന നടപടിയിലേക്ക് നീങ്ങാൻ പരിമിതിയുണ്ടെന്ന് ജില്ലാഭരണകൂടം പറയുന്നു. മൂന്ന് മാസത്തെ കർമ്മപദ്ധതിയിലൂടെ ഹൗസ് ബോട്ട് മേഖലയെ നിയമപരിധിക്കുള്ളിൽ കൊണ്ടുവരും. 2015 മുതലാണ് പുതിയ ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നത് സർക്കാർ പരിമിതപ്പെടുത്തിയത്. ഇതേതുടർന്ന് ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകളുടെ എണ്ണം കൂടി. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ നിയന്ത്രണത്തിൽ ഇളവ് നൽകി, അനധികൃത ബോട്ടുകൾക്ക് ലൈസൻസിന് അപേക്ഷിക്കാൻ അവസരം നൽകും.
ടൂറിസം മേഖലയ്ക്ക് വരുമാനം നേടിത്തരുന്ന വലിയ വ്യവസായം എന്ന നിലയിലാണ് ഇളവ് നൽകാനുള്ള തീരുമാനം. ഹൗസ് ബോട്ടുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്തും. പാതിരാമണലിലെ തീപിടുത്തതിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ പ്രത്യേക സമിതി രൂപീകരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹൗസ് ബോട്ട് പ്രതിനിധികളും സമിതിയിലുണ്ടാകും.