കോന്നി: അസഹ്യമായ വേദന സഹിച്ച് കാലിലേറ്റ വൃണവുമായി വീടിനുള്ളിൽ തനിയെ താമസിച്ചു വന്ന സ്ത്രിയ്ക്ക് തുണയായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ എത്തി. നീലിപിലാവ് സ്വദേശി ചിറയിൽ വീട്ടിൽ രാജമ്മ (60)യ്ക്ക് ആണ് എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന് ചികിൽസയും സാന്ത്വനവും ലഭിച്ചത്.
കടുത്ത പ്രമേഹരോഗത്തെ തുടർന്ന് ഇടതു കാൽ പൊത്തയിൽ വൃണമായ രാജമ്മ കാര്യമായ ചികിൽസ തേടാതെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. സമീപവാസികൾ പല തവണ നിർബ്ബന്ധിച്ചിട്ടും ഇവർ ചികിൽസയ്ക്ക് തയ്യാറായില്ല. അടുത്തിടയായി വീടിനു പുറത്തേക്ക് ഇവരെ കാണായി. തിരക്കി ചെന്ന സമീപവാസികൾ ആണ് പൊട്ടിയൊലിച്ച വൃണവുമായി ഇവരെ വീട്ടിനുള്ളിൽ കണ്ടത്. നീലിപിലാവു വഴി കോന്നിയിലെ ഓഫീസിലേക്കു പോയ എംഎൽഎ യുടെ വാഹനം കൈ കാണിച്ച് നിർത്തിച്ചതിനു ശേഷം നാട്ടുകാരായ ഒരു പറ്റം സ്ത്രീകളാണ് ഈ വിവരം ജനീഷ് കുമാറിനോട് പറഞ്ഞത്. ഇതേ തുടർന്ന് എംഎൽഎ കിടങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാലയം എന്ന ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് രാജമ്മയെ അവിടെ എത്തിക്കുകയായിരുന്നു. ട്രസ്റ്റ് പ്രവർത്തകർ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് രാജമ്മയ്ക്ക് ആവശ്യമായ ചികിൽസ നൽകിയ ശേഷം തിരികെ കരുണാലയത്തിൽ എത്തിച്ച് സംരക്ഷിച്ചു വരുന്നു.