തിരുവനന്തപുരം : ബിരുദതല മെഡിക്കല്‍ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് – അണ്ടര്‍ ഗ്രാജുവേറ്റ് 2022ന്, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി. എ.) അപേക്ഷ ക്ഷണിച്ചു.
മെയ് ആറുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലായ് 17 ന് (ഞായര്‍) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5.20 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും.
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനമാണ് പ്രധാനമായും നീറ്റ് – യു. ജിയുടെ പരിധിയില്‍ വരുന്നത്. ബി.വി.എസ്.സി. & എ.എച്ച്. (വെറ്ററിനറി), ബി. എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിനും നീറ്റ് – യു. ജി. സ്കോര്‍ ഉപയോഗിച്ചു വരുന്നു.കേരളത്തില്‍ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് – യു. ജി. ബാധകമാക്കിയിട്ടുണ്ട്.
അപേക്ഷ മേയ് 6 രാത്രി 11.50 വരെ https://neet.nta.nic.in വഴി ഓണ്‍ലൈനായി നല്‍കാം. കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള മെഡിക്കല്‍ & മെഡിക്കല്‍ അലൈഡ് പ്രവേശനത്തില്‍ താത്പര്യമുള്ളവര്‍ക്ക് കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഏപ്രില്‍ 30 വൈകീട്ട് 5 മണിക്കകം www.cee.kerala.gov.in വഴി അപേക്ഷ നല്‍കണം. അതോടൊപ്പം നീറ്റ് – യു.ജിയ്ക്ക് മേയ് ആറിനകം അപേക്ഷിക്കുകയും വേണം.