ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് തീവ്രമായി വ്യപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
കോവിഡ് പ്രതിരോധത്തിന് എം.ബി.ബി.എസ് വിദ്യാര്‍ഥികളെ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളെയും നഴ്സിങ് വിദ്യാര്‍ഥികളെയുമാണ് കോവിഡ് പ്രതിരോധത്തിന് നിയോഗിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചത്.
അവസാന വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളെ ടെലികണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയവക്കായി നിയോഗിക്കാനാണ് തീരുമാനം. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ഇവരുടെ ജോലി. ബി.എസ്.സി, ജനറല്‍ നഴ്സിങ് വിദ്യാര്‍ഥികളെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും.
കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 100 ദിവസത്തില്‍ അധികം കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് പ്രഥമ പരിഗണന നല്‍കും.