റാന്നി: ഹിറ്റാച്ചി, മണ്ണുമാന്തി യന്ത്രം പോലുള്ള വലിയ യന്ത്രങ്ങളുടെ ജീവനക്കാരോടുള്ള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്ന് ജില്ലാ മോട്ടോര്‍ എംപ്ലോയിസ് യൂണിയന്‍ (എ.ഐ.ടി.യുസി) റാന്നി മണ്ഡലം കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിവസവും പെറ്റി നല്‍കി കൊള്ളയടിക്കുകയാണ്. ഹിറ്റാച്ചി പോലുള്ള യന്ത്രം ബി.എസ് 6 ആയതോടെ അധികൃതരുടെ കൊള്ള ഭയന്ന് റോഡിലിറക്കാന്‍ പലരും മടിക്കുകയാണ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായപ്പോള്‍ എത്തിച്ച ഇത്തരം വാഹനങ്ങള്‍ക്ക് വാടകയും വേതനവും നല്‍കാതെ തങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അടിയന്തരമായി പണം നല്‍കണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, തെക്കേപ്പും വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജോര്‍ജ് മാത്യു (പ്രസിഡന്റ്), എം ശ്രീജിത്ത്, സുബാഷ് എം. സോമന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.വി പ്രസന്നകുമാര്‍ (സെക്രട്ടറി), ഹാപ്പി പ്ലാച്ചേരി, ലിജോ സാം (ജോയിന്റ് സെക്രട്ടറിമാര്‍), ബിനീഷ് തുരുത്തിക്കാടന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.