തിരുവനന്തപുരം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ഇതിനുശേഷം പുറത്തുവന്ന ഇയാളുടെ കൊവിഡ് സംബന്ധിച്ച ഫലം നെഗറ്റീവാണെന്നും കണ്ടെത്തി. ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലാണെന്ന വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കിയിരുന്നു.
പുനലൂരില്‍ ഞായറാഴ്ച്ച വൈകീട്ടാണ് ഇയാള്‍ക്ക് അപകടം സംഭവിച്ചത്. വിദേശത്ത് നിന്ന് വന്നതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ച് പുറത്തിറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ ഇയാളുടെ കുട്ടിക്കും പരുക്കേറ്റിരുന്നു. കുട്ടിയില്‍ രോഗലക്ഷണം കണ്ടെത്തിയതിനു പിന്നാലെയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ് ഇവരെന്ന വിവരം പുറത്തറിയുന്നത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.
ഇയാളുടെ ഭാര്യയേയും കുട്ടിയേയും ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഇയാളുടെ ഫലം നെഗറ്റീവാണെന്ന വിവരം പുറത്തുവരുന്നത്. മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ അസ്ഥിരോഗവിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.