പത്തനംതിട്ട : കേരളത്തില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോസിറ്റീവ് കേസുകള്‍ കുറവാണെന്നുമാണ് ആരോഗ്യവകുപ്പ് ദിവസവും പറയുന്നത്. കൃത്യമായ രീതിയിലാണ് ടെസ്റ്റുകള്‍ നടക്കുന്നതെന്ന ആരോഗ്യവകുപ്പിന്‍്റെ അവകാശവാദം തെറ്റാണെന്ന് സൂചിപ്പിക്കുന്ന അനുഭവമാണ് ഓമല്ലൂര്‍ സ്വദേശിയായ അഖില്‍ ആര്‍ നായര്‍ പറയുന്നത്. കൊവിഡ് ടെസ്റ്റ് ചെയ്യാതെ തന്നെ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് റിസള്‍ട്ട് വന്ന അനുഭവമാണ് അഖില്‍ പങ്കുവെയ്ക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആരോഗ്യവകുപ്പിലെ കള്ളത്തരങ്ങള്‍ യുവാവ് വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എനിക്കുണ്ടായ ഒരു അനുഭവം ആണ്. ഇന്നലെ ഓമല്ലൂര്‍ പന്യാലിയില്‍ റാപിഡ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു അതിലെ പോയപ്പോള്‍ വെറുതെ ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ അവിടെ ചെന്നു. പേരും കൊടുത്തു 10 ആം നമ്ബര്‍ ആണെന്ന് പറയുകയും ചെയ്ത്. തുടങ്ങാന്‍ താമസിക്കുന്നത് കൊണ്ട് ചെയ്യാതെ തിരിച്ചും പൊന്നു… ഇന്ന് എസ് എം എസ് വഴി റിസള്‍ട്ട് വന്നു. നെഗറ്റീവ്. എന്റെ പേരില്‍ ആന്റിജന്‍ ടെസ്റ്റിന് വരുന്ന ചിലവായ 300 രൂപ അടിച്ചു മാറ്റി. കേരളത്തില്‍ പോസിറ്റീവ് കേസുകള്‍ കുറവാണെന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ടെസ്റ്റ് ചെയ്യാതെ റിസള്‍ട്ട് തരുന്ന നൂതന സാങ്കേതികവിദ്യയ്ക്ക് അഭിനന്ദനങ്ങള്‍.