പത്തനംതിട്ട : പാലക്കാട് റെയില്‍വേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷന്‍ അടര്‍ത്തിമാറ്റി പാലക്കാട് ഡിവിഷന് ഭീമമായ വരുമാന നഷ്ടമുണ്ടാക്കി കേരളത്തിന്റെ റെയില്‍വേ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ചൊവ്വാഴ്ച തിരുവല്ല റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി.വൈസ് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും.
ജില്ലയിലെ കോണ്‍ഗ്രസ് എം.പി മാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. കോണ്‍ഗ്രസ് ബൂത്ത് – മണ്ഡലം പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പ്രസിഡന്‍റുമാര്‍, ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ധര്‍ണ്ണയില്‍ പങ്കെടുക്കുവാനുള്ള നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മുന്‍പായി തിരുവല്ല റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ എത്തിച്ചേരണമെന്ന് സാമുവല്‍ കിഴക്കുപുറം അറിയിച്ചു.






























