പത്തനംതിട്ട : കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ മടങ്ങി എത്തിയ പ്രവാസികൾക്കായി യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെ അവഗണിച്ചതിൽ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം, ഊർജ്ജിത നിതാഖത്ത്, കോവിഡ് സാഹചര്യം എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ മടങ്ങി എത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് തൊഴിൽ, പെൻഷൻ, പുന:രധിവാസ പദ്ധതികൾക്ക് കേന്ദ്ര ബജറ്റിൽ തുക വകയിരുത്തി പ്രഖ്യാപിക്കാതിരുന്നത് അങ്ങേ അറ്റം പ്രതിഷേധാർഹമാണെന്നും പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ ഇത് അടിയന്തിരമായി ഉൾൾക്കൊള്ളിച്ച് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ ഫെബ്രുവരി 18 – ന് സംസ്ഥാനത്തെ റീജിയണൽ നോർക്കാ ഓഫിസുകൾക്കും ജില്ലാ കളക്ടേറ്റുകൾക്കും മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിക്കുന്ന ധർണ്ണ വിജയിപ്പിക്കുന്നതിന് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. മോനി ജോസഫ്, കോശി ജോർജ്ജ്, ഷിബു റാന്നി എന്നിവർ പ്രസംഗിച്ചു.