ആലപ്പുഴ : ഓഗസ്റ്റ് 10-ന് വേമ്പനാട്ടുകായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലോത്സവം പൂർണമായും ഹരിതചട്ടം പാലിച്ച് സേവ് വേമ്പനാട് സന്ദേശത്തോടെ നടപ്പിലാക്കാൻ നഗരസഭയിൽ ചേർന്ന ഗ്രീൻ പ്രോട്ടക്കോൾ കമ്മിറ്റിയിൽ തരുമാനമായി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാകോടതി പാലംമുതൽ കിഴക്കോട്ട് പുന്നമട ബോട്ടുജെട്ടിവരെയും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി പരിസരവും ഗ്രീൻ സോൺ(ഹരിതമേഖല) ആയി പ്രഖ്യാപിക്കും. പവിലിയനിലും ഗാലറിയിലും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ പ്രകൃതിസൗഹൃദ ഉത്‌പന്നങ്ങളാലാണെന്ന് ഉറപ്പുവരുത്തും. പരസ്യനോട്ടീസുകൾ ഹരിതമേഖലയിൽ പൂർണമായും ഒഴിവാക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പൂർണമായും ഹരിതമേഖലയിൽ നിരോധിക്കും. കുടിവെള്ളക്കുപ്പികൾ, ഭക്ഷണപ്പൊതികൾ, സ്നാക്സ് പാക്കറ്റ് എന്നിവയിൽ സ്റ്റിക്കറുകൾ പതിച്ച് 10 രൂപ ഈടാക്കും. അന്നേദിവസം ജലോത്സവം കഴിഞ്ഞ് സ്റ്റിക്കർ പതിച്ച കുപ്പികൾ, പാക്കറ്റുകൾ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് തുക തിരികെനൽകും. ഹരിതചട്ടം പാലിക്കുന്നതിൻറെ ഭാഗമായി ഹരിതമേഖലയിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനു താത്‌കാലിക ബിന്നുകൾ സ്ഥാപിച്ച് ബിന്നുകൾക്കുസമീപം നഗരസഭ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വൊളൻറിയർമാരുടെ സേവനം ഉറപ്പാക്കും. ജലോത്സവത്തിനു മുന്നോടിയായി നടത്തുന്ന സാംസ്കാരികഘോഷയാത്ര പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചാക്കും. ബോധവത്‌കരണത്തിൻറെ ഭാഗമായി വൈ.എം.സി.എ. മുതൽ പുന്നമട ഫിനിഷിങ് പോയിൻറുവരെ ജലാശയങ്ങൾ ചെറുവള്ളങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കും. ജലമേളയ്ക്കുശേഷം നഗരസഭാധികൃതരുടെ നേതൃത്വത്തിൽ പവിലിയനും റോഡും വൃത്തിയാക്കാനും തീരുമാനമായി.