ചെങ്ങന്നൂർ: നിറപുത്തരി മഹോത്സവത്തിനായി ക്ഷേത്രങ്ങളിലേയ്ക്കുള്ള കറ്റകൾ കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ രാജപാളയത്ത് പൂർത്തിയായി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കുള്ള കറ്റകളാണ് തമിഴ്നാട്ടിലെ രാജപാളയത്ത് തയ്യാറാക്കിയിരിക്കുന്നത്. വലിയകോയിക്കൽ കൊട്ടാരത്തിൽ ആശൂലമായതിനാൽ ക്ഷേത്രത്തിൽ ഇത്തവണ നിറപുത്തരി ചടങ്ങുകൾ ഉണ്ടാവില്ല. വ്യാഴാഴ്ച്ച രാവിലെ 5.45 നും 6 നും മധ്യേയാണ് നിറപുത്തരി മഹോത്സവം.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മേൽശാന്തി വേണു കുമാറും കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി തിരുവൻവണ്ടൂർ മരങ്ങാട്ടില്ലം എസ്.എൻ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും നിറപുത്തരി മഹോത്സവം നടക്കും. ഇതിനായുള്ള നെൽക്കതിർ രാജപാളയത്തു നിന്നും ബുധനാഴ്ച രാവിലെ തന്നെ ക്ഷേത്രങ്ങളിൽ എത്തിക്കും. ആചാര്യൻ നാഗരാജ സ്വാമിയുടെ നേതൃത്വത്തിൽ അലങ്കരിച്ച വാഹനത്തിലാണ് നെൽക്കതിർ ക്ഷേത്രങ്ങളിൽ എത്തിക്കുന്നത്. ശബരിമല ശ്രീധർമ്മശാസ്’താ ക്ഷേത്രത്തിലേക്കും രാജപാളയത്തു നിന്നായിരുന്നു മുൻപ് കറ്റകൾ എത്തിച്ചിരുന്നത്.