ന്യൂഡല്‍ഹി : നേമത്തെ സസ്‌പെന്‍സ് തെളിയുന്നു. കെ.മുരളീധരന്‍ നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ നേമത്ത് സ്ഥാനാര്‍ഥിയാക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഇരുവരും ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. ഡല്‍ഹിയില്‍ നിന്നായിരിക്കും പ്രഖ്യാപനം. കെ.മുരളീധരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
തൃപ്പൂണിത്തുറയില്‍ കെ.ബാബു സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദമാണ് ബാബുവിന് സീറ്റ് ലഭിക്കാന്‍ കാരണമായത്. ബാബുവിനും കെ.സി.ജോസഫിനും സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ഹെെക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിനുള്ളില്‍ അതൃപ്‌തിയുണ്ട്. ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം അടക്കം ആലോചിച്ചത് ഒതുക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.