കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു. കാണാതായ മൂവായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, പ്രളയ ദുരന്തത്തിൽ നാല് ഇന്ത്യാക്കാരെ കൂടി രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റസുവ ജലവൈദ്യുത പദ്ധതി സ്ഥലത്തുനിന്നാണ് ഇവരെ രക്ഷിച്ചത്. ഇന്ത്യയുടെ തുരങ്ക വിദഗ്ധ സംഘം രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. കാണാതായ ഇന്ത്യാക്കാരുടെ എണ്ണം നിലവിൽ 287 ആയി. 128 ഇന്ത്യൻ വംശജരെ കുറിച്ചും വിവരമില്ല. കാണാതായ മലയാളികളെ കുറിച്ചടക്കം വിവരം ഇല്ല. ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തു നൽകി.
- നേപ്പാൾ ദുരന്തം നടന്ന് നാലാം ദിനത്തിൽ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഉയരുകയാണ്. നിരവധി മൃതദേഹങ്ങൾ ഇന്നും കണ്ടെടുത്തു. ഇന്ത്യയിൽ ഗണ്ഡക് നദിയിൽ നിന്ന് പത്ത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വളരെകുറച്ച് പേരെയാണ് തിരിച്ചറിയാനായത്. 2500 പേരെ കാണാതായി എന്നതാണ് നേപ്പാൾ ഇന്ന് നൽകിയ കണക്ക്. ടിബറ്റിൽ ഇതുവരെ ഏഴ് മരണമാണ് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഇവരുടെ നാല് ബന്ധുക്കൾ കാഠ്മണ്ഡുവിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും എംബസികളിലും ആശുപത്രികളിലും എത്തി അന്വേഷണം നടത്തി.
താമസിച്ച ഹോട്ടലിൽ നിന്ന് ഇവർ ചെക്ക് ഔട്ട് ചെയ്ത് യാത്ര തുടങ്ങിയിരുന്നു എന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയത്. ടിബറ്റ് നേപ്പാൾ അതിർത്തിക്ക് അടുത്തുള്ള ചില പ്രദേശങ്ങളിലേക്ക് ഇതുവരെയും രക്ഷാപ്രവർത്തകർക്ക് എത്താൻ ആയിട്ടില്ല. പ്രളയമുന്നറിയിപ്പ് കാരണം നിർത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്. സമ്മർദ്ദത്തെ തുടർന്ന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ നേപ്പാൾ തയ്യാറായിരുന്നു. തുരങ്കങ്ങളിൽ തിരച്ചിൽ നടത്താനുള്ള സംഘത്തെയും ഡിഎൻഎ വിദഗ്ധർ അടക്കമുള്ള മെഡിക്കൽ സംഘത്തെയും ഇന്ത്യ നേപ്പാളിൽ എത്തിച്ചു. എന്നാൽ എൻഡിആർഎഫ് സംഘത്തെയും കരസേന സംഘത്തെയും അയയ്ക്കാൻ അനുമതി ആയിട്ടില്ല.






























