ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധി ജീവനുകള്‍ പൊലിഞ്ഞതിന് പുറമെ ഡല്‍ഹിയില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാകുന്നു.
ഒരാഴ്ചക്കിടെ ഒന്‍പത് മാസം പ്രായമായ കൃഷു, അഞ്ച് മാസം പ്രായമായ പാരി എന്നീ രണ്ട് കുഞ്ഞുങ്ങളെയാണ് കോവിഡ് കീഴടക്കിയത്. ഇവരെ സീമാപുരി ശ്മശാനത്തിലാണ് സംസ്കരിച്ചത്. രണ്ടാം കോവിഡ് തരംഗത്തിന് ശേഷം രാജ്യതലസ്ഥാനത്ത് 2000ത്തിലധികം മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സഹായിച്ച സാമൂഹിക പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായ ജിതേന്ദ്ര സിങ് ശൗണ്ടി ഈ രണ്ട് കുട്ടികളുടെയും മൃതദേഹം ഏറ്റുവാങ്ങവെ വിതുമ്പിയ അവസ്ഥ വിവരിച്ചിരുന്നു.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൂന്ന് ശിശുക്കളുടെയും ഒരു ഗര്‍ഭസ്ഥ ശിശുവിന്റെയും മൃതദേഹങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സാധാരണയായി ഞങ്ങള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ല. ഒന്നുകില്‍ അവരെ മറവ് ചെയ്യുകയോ അല്ലെങ്കില്‍ നദിയില്‍ ഒഴുക്കുകയോ ആണ് ചെയ്യാറ്. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നത് അണുബാധ പടര്‍ത്തുമെന്നാണ് കരുതുന്നത്’ -ശൗണ്ടി പറഞ്ഞു. ആദ്യ തരംഗത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു . മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് കൃഷു മരിച്ചത് . അതിന് തൊട്ടുമുമ്പാണ് അഞ്ച് മാസം പ്രായമായ പാരിയും കോവിഡ് ബാധിച്ച് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പാരി ന്യുമോണിയയും ഹൃദയാഘാതവും വന്നാണ് മരിച്ചത്. ശ്മശാനത്തിന്റെ അരികിലായി ഒഴിഞ്ഞുകിടന്ന ഇത്തിരി സ്ഥലത്താണ് രണ്ട് കുഞ്ഞുങ്ങള്‍ക്കും അന്ത്യവിശ്രമമൊരുക്കിയതെന്ന് ശഹീദ് ഭഗത് സിങ് സേവാദള്‍ വളണ്ടിയര്‍മാര്‍ പറഞ്ഞു.
കുട്ടികളെ മറവ് ചെയ്യാനുള്ള സ്ഥലപരിമിതി നേരിടുന്നതായാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. വലിയ ശ്മശാനങ്ങളായ നിഗംബോദ് ഘട്ട്, ഗാസിപൂര്‍ ഘട്ട് എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വ്യവസ്ഥയില്ല.
‘കോവിഡ് ബാധിച്ച് മരിച്ച ശിശുക്കളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഞങ്ങള്‍ എടുക്കുന്നില്ല. ഞങ്ങള്‍ക്ക് അവരെ സംസ്കരിക്കാനുള്ള സ്ഥലമില്ല. കോവിഡ് ബാധിച്ച് മരിച്ച കുട്ടികളുടെ ശവസംസ്കാരത്തിന് പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല’ -നിഗംബോദ് ഘട്ട് സഞ്ചലന്‍ സമിതി ജനറല്‍ സെക്രട്ടറി സുമന്‍ ഗുപ്ത വ്യക്തമാക്കി .