ബംഗളൂരു: നവജാതു ശിശുവിനെ വിറ്റ കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. 55,000 രൂപയ്ക്കായിരുന്നു വില്‍പ്പന.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഡോക്ടര്‍ ബാലകൃഷ്ണയാണ് കുഞ്ഞിനെ വില്‍പ്പന നടത്തിയ ഡോക്ടറെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 14നാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പനയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. കല്‍പ്പന അവിവാഹിതയായിരുന്നു. ഇക്കാരണം പറഞ്ഞ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ബാലകൃഷ്ണ യുവതിയെ ഭീഷണിപ്പെടുത്തി. അവിവാഹിത ഗര്‍ഭിണിയായാല്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഡോക്ടറുടെ ഭീഷണി. ഇവര്‍ക്ക് വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ ഡോക്ടര്‍ പറയുന്നത് അതേപടി വിശ്വസിക്കുകയും ചെയ്തു.
കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ഉപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. ആറ് ദിവസം കഴിഞ്ഞിട്ടും യുവതിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍ തയ്യാറായില്ല. അതിനിടെ കുഞ്ഞിനെ 5000 രൂപയ്ക്ക് വാങ്ങാന്‍ ഒരാള്‍ തയ്യാറാണെന്ന് അറിയിച്ചു. അതിന് ശേഷം ഡോക്ടര്‍ ഈ കുട്ടിയെ 55,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. നഴ്‌സുമാരായ ശോഭയും രേഷ്മയും ഡോക്ടറെ സഹായിച്ചതായി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിനെ യുവതിക്ക് കൈമാറി.