കൊച്ചി: എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പോലീസ്.
ബലാല്‍സംഗകേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യ്ക്ക് മുന്‍കൂര്‍ ജാമ്യം. നവംബര്‍ ഒന്നിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ കേസുമായി മുന്നോട്ടു പോകുമെന്നു പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടു ഹാജരാകണം, മൊബൈല്‍ഫോണും പാസ്പോര്‍ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, സോഷ്യല്‍ മീഡിയയില്‍ പ്രകോപനകരമായ പോസ്റ്റിടരുത്, കേരളം വിടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാവിലെ പരാതിക്കാരിയുടെ ഭാഗം കൂടി കേട്ടശേഷമാണ് ഉച്ചയ്ക്ക് വിധി പറഞ്ഞത്. കഴിഞ്ഞമാസം 28 നു പരാതി നല്‍കുമ്പോള്‍ പരാതിക്കാരി ബലാല്‍സംഗം ഉന്നയിച്ചിട്ടില്ലെന്നും അതിനുശേഷം ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു എല്‍ദോസിന്‍റെ പ്രധാന വാദം.
നിരവധി കേസുകളിലെ പ്രതിയാണ് പരാതിക്കാരിയെന്നും ഒരു സിഐക്കും എസ്.ഐക്കും എതിരെ പോലും പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ രണ്ടു വാറണ്ടുകള്‍ നിലവിലുണ്ടെന്നും കോടതിയെ രേഖാമൂലം ധരിപ്പിച്ചു. ഫാറൂക്ക് സ്റ്റേഷനിലെ ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടു നിലവിലുമുണ്ട്. മുന്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും പരാതിക്കാരി പീഡനക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എല്‍ദോസ് വാദമുന്നയിച്ചിരുന്നു. എന്നാല്‍ കേസില്‍ നിന്നും പിന്‍മാറില്ലെന്നു പരാതിക്കാരി അറിയിച്ചു.