ന്യൂഡല്‍ഹി: കോറോണ വൈറസിന്‍റെ പുതിയ വകഭേദം യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. രാത്രി കര്‍ഫ്യു, നിര്‍ബന്ധിത കോവിഡ് പരിശോധന തുടങ്ങിയ നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്. കര്‍ണാടകയില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു.
മുന്‍സിപ്പല്‍ പരിധിയില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യു മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്രയും അറിയിച്ചു. ആവശ്യമെങ്കില്‍ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ എട്ട് വരെ യു.കെയില്‍ നിന്നെത്തിയവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ യു.പി സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ എട്ട് മുതല്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമായിരിക്കും.
ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനക്കുള്ള വിപുലമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല് മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധനഫലം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പോര്‍ട്ട്ബ്ലെയര്‍ വിമാനത്താവളം എത്തുന്ന എല്ലാവര്‍ക്കും ആന്‍ഡമാന്‍ നിക്കോബോര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച യു.കെയില്‍ നിന്നെത്തിയ 20 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് .