തിരുവനന്തപുരം : പത്ത് പുതിയ ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്താനും തൊണ്ണൂറോളം സെക്രട്ടറിമാരെ നിയമിക്കാനും നിര്‍ദേശിക്കുന്ന കരട് പട്ടിക കെ.പി.സി.സി നേതൃത്വം ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കയച്ചു. 61 അംഗ എക്സിക്യൂട്ടീവിനെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എമാരായ പി.എ. മാധവന്‍, ബി. ബാബു പ്രസാദ്, വി.ജെ. പൗലോസ്, മുന്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, മുഹമ്മദ് കുഞ്ഞി, മാര്‍ട്ടിന്‍ ആന്റണി, സോണി, പി.എസ്. ജോയ് എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂരിലെ കെ. സുരേന്ദ്രന്‍ അന്തരിച്ച ഒഴിവിലേക്ക് പകരക്കാരനായാണ് മാര്‍ട്ടിനെ പരിഗണിച്ചത്.
നേരത്തേ 87 സെക്രട്ടറിമാരുടെ പാനല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പരാതികള്‍ ഉയര്‍ന്നതോടെ മരവിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികളില്‍ പലരും ലിസ്റ്റിലുണ്ടെന്നാണ് നേതൃത്വം പറയുന്നത്. സെക്രട്ടറിമാര്‍ എക്സിക്യൂട്ടീവില്‍ അംഗങ്ങളായിരിക്കില്ല. ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലോട്ടുള്ള ഭാരവാഹികളും എക്സിക്യൂട്ടീവിന്റെ ഭാഗമാകും. കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിയാലോചിച്ചാണ് അന്തിമധാരണയിലെത്തിയത്. മുകുള്‍ വാസ്നികിന് പകരം താരിഖ് അന്‍വറാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ പുലര്‍ച്ചെ ചികിത്സാര്‍ത്ഥം വിദേശത്തേക്ക് പോയി. കേരളത്തിന്റെ പട്ടിക അവര്‍ കണ്ടതായാണ് വിവരം.