ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ്. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് സോനു സൂദ് ട്വിറ്ററിലൂടെ അറിയിച്ചു.
ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. അടുത്തിടെ സോനു സൂദിന്റെ ടീം ബെഗളൂരു ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു.