കൊച്ചി : ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി. കളക്ടറുടെ കോലം കത്തിച്ചതിന്റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്നവരെ അടിയന്തരമായി കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. തുടർ സമരം ആലോചിക്കുന്നതിനായി നാളെ കൊച്ചിയിൽ സർവകക്ഷി യോഗം ചേരും.
ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം ചികിൽസക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളിൽ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ അടുത്തയിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ പുതിയ നിർദേശങ്ങൾ ചികിത്സയ്ക്ക് കാലതാമസുണ്ടാക്കുന്നെന്നാരോപിച്ചുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖ തയ്യാറാക്കാൻ അഡ്മിനിസ്ട്രേഷനോട് കോടതി നിർദേശിച്ചു. പത്തുദിവസത്തിനകം മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കുകയും വേണം. മറ്റുദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നനും മാർഗരേഖ വേണമെന്നും കോടതിയാവശ്യപ്പെട്ടു.
കളക്ടറുടെ കോലം കത്തിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ അമിനിയിലുളള സിജെഎം മുമ്പാകെ ഇന്നുതന്നെ ഓൺലൈൻ മുഖാന്തിരം ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ കേസ് എടുത്തിട്ടും പോലീസ് തടഞ്ഞുവെച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ മനപൂർവം തടഞ്ഞുവെച്ചിട്ടില്ലെന്നും ബോണ്ട് ഉൾപ്പെടെയുളള ജാമ്യ വ്യവസ്ഥകൾ പാലിക്കാതെവന്നതോടെയാണ് വിട്ടയക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥകൾ നടപ്പായാൽ ഇന്ന് തന്നെ അറസ്റ്റിലായവരെ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനിടെ ദ്വീപിലെ പുതിയ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.