ഇന്ത്യയിലെ 350 സിസി മുതൽ 450 സിസി വരെയുള്ള ബൈക്കുകളുടെ സെഗ്മെന്റിൽ കടുത്ത മത്സരമാണ് ഇനി നടക്കാൻ പോകുന്നത്. ബജാജും ട്രയംഫും ചേർന്ന് പുറത്തിറക്കിയ ട്രയംഫ് 400 മോട്ടോർസൈക്കിളുകൾ, ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്സണും ചേർന്ന് പുറത്തിറക്കിയ ഹാർലി ഡേവിഡ്സൺ എക്സ്440 എന്നിവ റോയൽ എൻഫീൽഡിന് (Royal Enfield) വെല്ലുവിളിയാവുന്ന സാഹചര്യമാണുള്ളത്. എന്നാൽ തങ്ങളുടെ തുറുപ്പ്ചീട്ടായ ബുള്ളറ്റ് 350യെ (Royal Enfield Bullet 350) പുതുക്കി അവതരിപ്പിച്ച് എതിരാളികളെ നേരിടാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്.
റോയൽ എൻഫീൽഡ് ബൈക്കുകളെയെല്ലാം മലയാളികൾ ഉൾപ്പെടെ ബുള്ളറ്റ് എന്ന് വിളിക്കാറുണ്ട്. ഇതിന് കാരണമായത് ബ്രാന്റിന്റെ ഏറ്റവും ജനപ്രിയമായ ബുള്ളറ്റ് എന്ന മോഡലാണ്. ഈ മോട്ടോർസൈക്കിളിനെ പുതുക്കി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റോയൽ എൻഫീൽഡ്. ഏറ്റവും പുതിയ ക്ലാസിക് 350യെ പോലെ പുറത്തിറക്കാനിരിക്കുന്ന ബുള്ളറ്റ് മോഡലിന് പുതിയ എഞ്ചിനും റീഡിസൈൻ ചെയ്ത ബോഡിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യുടെ പുതിയ പതിപ്പിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നാലും ഒറ്റ നോട്ടത്തിൽ കണ്ടാൽ ബുള്ളറ്റാണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങളൊന്നും കമ്പനി ഒഴിവാക്കുകയില്ല. കാലത്തിന് അനുസരിച്ച മാറ്റങ്ങൾ മാത്രമായിരിക്കും ഈ ബൈക്കിൽ കൊണ്ടുവരുന്നത്. എതിരാളികളായ ബൈക്കുകളിലുള്ള ഏറ്റവും നൂതനമായ ഫീച്ചറുകളോട് മത്സരിക്കാൻ ഇത്തരം പുതിയ ഫീച്ചറുകളും ബൈക്കിൽ കമ്പനി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ ജാവ, യെസ്ഡി, ഹോണ്ട തുടങ്ങിയ ബൈക്ക് നിർമ്മാതാക്കളുമായിട്ടാണ് റോയൽ എൻഫീൽഡ് മത്സരിക്കുന്നത് എങ്കിലും വൈകാതെ ട്രയംഫ് 400 ട്വിൻസ്, ഹാർലി-ഹീറോ ബൈക്ക് എന്നിവയും റോയൽ എൻഫീൽഡിന് എതിരാളികളായി വിപണിയിൽ സജീവമാകും. നിലവിൽ ബൈക്ക് വിൽപ്പനയുടെ കാര്യത്തിൽ റോയൽ എൻഫീൽഡിന് സ്ഥിരത നിലനിർത്താൻ സാധിക്കുന്നുണ്ട് എങ്കിലും വരും മാസങ്ങളിൽ വിൽപ്പന ഇടിയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് പുതിയ ബൈക്ക് പുറത്തിറക്കാൻ കമ്പനി തയ്യാറാകുന്നത്.
2023 സാമ്പത്തിക വർഷത്തിൽ 125 സിസിക്ക് മുകളിൽ വിറ്റഴിച്ച മോട്ടോർസൈക്കിളുകളിൽ മൂന്നിലൊന്ന് റോയൽ എൻഫീൽഡ് ആയിരുന്നു. പുതിയ എതിരാളികളുമായി മത്സരിക്കാൻ തയ്യാറെടുക്കുമ്പോഴും കമ്പനിയുടെ വിപണി വിഹിതം 32-33 ശതമാനത്തോളമുണ്ട്. റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലായ ഹണ്ടർ 350 വളരെ വേഗം ജനപ്രിതി നേടുകയും മികച്ച വിൽപ്പന നേടുകയും ചെയ്യുന്ന അവസരമാണിത്. ബ്രാൻഡിന്റെ പ്രധാന മോഡലായ ക്ലാസിക്കിന്റെ വിൽപ്പനയിൽ അല്പം കുറവുണ്ടായിട്ടുണ്ട്. പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ആർക്കിടെക്ചറും ഡിസൈനും പഴയ മോഡലിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ഷാസി, വീതിയേറിയ ഫ്രണ്ട് ടയറുകൾ, സ്റ്റെബിലിറ്റിക്കും സ്റ്റോപ്പിങ് പവറിനുമായി മികച്ച ബ്രേക്കുകൾ എന്നിവയെല്ലാം ബുള്ളറ്റിന്റെ പുതിയ പതിപ്പിൽ കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ചെറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഈ ബൈക്കിൾ കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കാം.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യെ കൂടാതെ ഇനി കമ്പനി പുറത്തിറക്കാൻ പോകുന്ന മറ്റ് ബൈക്കുകളിൽ ഹിമാലയൻ 450, ഹിമാലയൻ 650, ക്ലാസിക്ക് 650 തുടങ്ങിയ അഞ്ചോളം മോഡലുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ഇതിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450യുടെ ചിത്രങ്ങളും മറ്റും പുറത്ത് വന്നിരുന്നു. ഈ മോട്ടോർസൈക്കിൾ വൈകാതെ തന്നെ ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.