ഘാസിപുർ : ഗംഗാനദിയിൽ ഒഴുകിനടക്കുന്ന തടിപ്പെട്ടിയിൽ നവജാതശിശുവിനെ കണ്ടെത്തി. യുപിയിലെ ഘാസിപുരിൽ ദാദ്രി ഘട്ടിലാണ് സംഭവം. വള്ളം തുഴഞ്ഞിരുന്ന ഗുല്ലു ഛഹുധരിയാണ് തടിപ്പെട്ടി കണ്ടെത്തിയത്. ഗംഗാനദിയിൽനിന്നുള്ള സമ്മാനമായി ആ പെൺകുഞ്ഞിനെ വളർത്തണമെന്നാണ് കരുതുന്നതെന്ന് ഗുല്ലു പറഞ്ഞു.
കുഞ്ഞിനെ കണ്ടെത്തിയ പെട്ടിയിൽ ദൈവങ്ങളുടെയും ദേവിമാരുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. കുഞ്ഞിന്റെ ജാതകവും പെട്ടിയിൽ ഉണ്ടായിരുന്നതായി ഗുല്ലു പറഞ്ഞു. വിവരമറിഞ്ഞതിനു പിന്നാലെ പോലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പരിശോധനകൾക്കുശേഷം കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ രക്ഷിച്ച ഗുല്ലുവിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. കുഞ്ഞിനെ വളർത്തിക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.