കൊല്‍ക്കത്ത: രാജ്യത്തെ തെരഞ്ഞെടുപ്പ് അധ്യക്ഷനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിവിധ വശങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ. ഗ്യാനേഷ് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിക്കണമെന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു. പശ്ചിമ ബംഗാളില്‍ അക്രമരഹിതമായ നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം.
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നീക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതിന്റെ ക്രെഡിറ്റും ഗ്യാനേഷ് കുമാറിന് സമീക് ഭട്ടാചാര്യ നല്‍കി. എസ്‌ഐആര്‍ നടപടികളുടെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റു രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ് ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള ഭിന്നത തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പിന്തുണ. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സമീക് ഭട്ടാചാര്യ തള്ളി.































