ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. പ്രതിഷേധക്കാർക്കൊപ്പമാണ് സർക്കാർ എന്നും വിജയ് പറഞ്ഞു. ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള പരന്തൂരിൽ വിമാനത്താവളം വരുന്നത് കൃഷിക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിലുണ്ടായത്. അധികാരത്തിലെത്തുന്നതിനു മുൻപേ തന്നെ പ്രതിഷേധക്കാർക്കൊപ്പമെന്ന നിലപാടാണ് വിജയ്‌യുടെ ടിവികെ പാർട്ടി സ്വീകരിച്ചിരുന്നത്.
‘‘നമ്മൾ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുകയാണ്. വിമാനത്താവളം വേണ്ടെന്ന സമരക്കാരുടെ ആവശ്യത്തിനൊപ്പം ഞാനും ഉറച്ചു നിൽക്കുന്നു’’ – വിജയ് പറഞ്ഞു. 2024 ഒക്ടോബറിൽ വിക്രവണ്ടിയിൽ നടന്ന യോഗത്തിനിടെ തന്നെ വിമാനത്താവളം വേണ്ടെന്നു താൻ തീരുമാനമെടുത്തിരുന്നെന്നും വിമാനത്താവളങ്ങൾ വ്യവസായ വികസനത്തിന് ആവശ്യമാണെങ്കിലും കർഷകരുടെ ക്ഷേമം ഇല്ലാതാക്കിക്കൊണ്ട് അത്തരം പദ്ധതികൾ കൊണ്ടുവരേണ്ടതില്ലെന്നും വിജയ് പറഞ്ഞു.





























