തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്ഷിതാക്കളുടെ മരണത്തോടെ അനാഥമായ രണ്ട് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. സർക്കാരും ഉദ്യോഗസ്ഥരും മനുഷ്യത്വപരമായി പെരുമാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം വൻ പ്രതിഷേധമാണ് ഉയരുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്പിളി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പോലീസെന്ന് മക്കൾ ആരോപിച്ചു. തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാജന് പിന്നാലെ ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങി. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുൻപായി രാജൻ മൊഴി നൽകിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം ഒഴിപ്പിക്കൽ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു.
എന്നാൽ ഇത് മുൻകൂട്ടി അറിഞ്ഞാണ് പോലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കളായ രഞ്ജിത്തിന്‍റെയും രാഹുലിന്‍റെയും ആരോപണം. രാജന്‍റെ മൃതദേഹം അടക്കം ചെയ്യുന്നത് പോലീസ് തടയാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.