തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍. തര്‍ക്കഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും കുട്ടികള്‍ താമസിക്കുന്നത്. ദമ്പതികളുടെ മരണം നടന്ന് നാലു മാസം പിന്നിട്ടെങ്കിലും പുതിയ ഭൂമി, വീട്, ജോലി എന്നിങ്ങനെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ നടപ്പായിട്ടില്ല.
രാജന്‍, അമ്പിളി ദമ്പതികളുടെ മൂത്ത മകന്‍ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്നായിരുന്നു നെയ്യാറ്റിന്‍കര എംഎല്‍എയായ ആന്‍സലന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഈ ജോലി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. വരുമാനം പോലുമില്ലാതെയാണ് തര്‍ക്കഭൂമിയിലെ വീട്ടില്‍ കുട്ടികള്‍ കഴിയുന്നത്. അച്ഛനെയും അമ്മയെയും അടക്കിയ മണ്ണില്‍ തന്നെ വീട് വേണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഭൂമി സംബന്ധിച്ചുള്ള തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് ഭൂമി വിട്ടു കൊടുക്കാന്‍ കഴിയാത്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.