തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും കൂടുതല്‍ പ്രതിസന്ധിയിലെക്കെന്ന് വ്യക്തമാകുന്നു. ഇതാദ്യമായാണ് ഒരു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്, അതും എൻഐഎ അന്വേഷിക്കുന്ന കേസില്‍.
അന്വേഷണത്തിൽ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ സർക്കാറിനെയും പാർട്ടിയെയും ബാധിക്കില്ലെന്ന് കോടിയേരിയും പറയുമ്പോഴും കാര്യങ്ങൾ അത്ര ലളിതമല്ലെന്ന് ഏവരും സമ്മതിക്കും. സംഭവം നടന്ന ഉടന്‍തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുത്തതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണം. ഇക്കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പങ്കും ചെറുതല്ല. ശബരിമല വിഷയത്തില്‍ കെ. സുരേന്ദ്രനെ സര്‍ക്കാര്‍ ഏറെ പീഡിപ്പിച്ചിരുന്നു. ഒന്നിനുപുറകെ മറ്റൊന്നായി കേസുകള്‍ എടുത്ത് കെ.സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുവാനുള്ള ഗൂഡ ശ്രമവും നടന്നിരുന്നു. എന്നാല്‍ കാലം കെ.സുരേന്ദ്രന്റെ കയ്യില്‍ ശക്തമായ ആയുധം നല്‍കുകയായിരുന്നു. അത് തക്കത്തില്‍ എടുത്ത് ഉപയോഗിക്കുവാന്‍ കെ.സുരേന്ദ്രന് കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് ഇപ്പോള്‍ ബി.ജെ.പിയുടെ കയ്യിലാണ്. സംസ്ഥാന പോലീസിന് ഇക്കാര്യത്തില്‍ ഒരു റോളുമില്ല, അവര്‍ വെറും കാഴ്ചക്കാരായി മാറി.
കഴിഞ്ഞ തവണത്തെ പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങൾ നിലനില്‍ക്കുകയാണ്. ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാറും വൻ കുരുക്കിലാകും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമ്മർദ്ദം അതിശക്തമാകും. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ സർക്കാറിനെ പിന്തുണക്കുമ്പോഴും അന്വേഷണ ഗതിയിൽ പാർട്ടിക്കും വലിയ ആശങ്കയുണ്ട്. വിവാദത്തിൽ ഭിന്ന നിലപാടുള്ള സിപിഐ സ്വരം കൂടുതൽ കടുപ്പിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചാൽ സർക്കാറിന് താൽക്കാലികമായി ആശ്വസിക്കാം. അപ്പോഴും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചോദിച്ചുള്ള എൻഐഎയുട അടുത്ത നടപടികളും സർക്കാറിന് പ്രധാനമാണ്.