തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ‘സി ആപ്റ്റി’ല്‍ രണ്ടാം ദിവസവും എന്‍.ഐ.എ പരിശോധന. ഖുര്‍ആന്‍ കൊണ്ടു പോയ വാഹനത്തിന്റെ യാത്രാരേഖയും ജി.പി.എസ് സംവിധാനവുമാണ് കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘം പരിശോധിക്കുന്നത്.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പാര്‍സലുമായി മലപ്പുറത്തേക്ക് പോയ ലോറിയുടെ ജി.പി.എസ് സംവിധാനം 10 മണിക്കൂറോളം പ്രവര്‍ത്തിച്ചില്ലെന്ന് എന്‍.ഐ.എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജി.പി.എസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വാഹനത്തിന്റെ യാത്രാരേഖ കൃത്യമായി ലഭിക്കുമായിരുന്നു. ജി.പി.എസ് വിച്ഛേദിച്ചത് മനഃപൂര്‍വമാണോ സാങ്കേതിക തകരാറാണോ എന്ന പരിശോധിക്കുകയാണ് എന്‍.ഐ.എയുടെ ലക്ഷ്യം. ഖുര്‍ആന്‍ കൊണ്ടു പോയ ദിവസം ലോറി 160 കിലോമീറ്റര്‍ അധികം ഓടിയതായും കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച സി ആപ്റ്റില്‍ എത്തിയ എന്‍.ഐ.എ സംഘം മുന്‍ എം.ഡി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. ജീവനക്കാരന്റെ പക്കല്‍ നിന്ന് മതഗ്രന്ഥം വിശദ പരിശോധനക്കായി വാങ്ങി. വട്ടിയൂര്‍ക്കാവിലെ ‘സി ആപ്റ്റ്’ ഓഫീസില്‍ മൂന്നുതവണ എത്തിയായിരുന്നു പരിശോധന. യു.എ.ഇ കോണ്‍സുലേറ്റിലെത്തിയ മതഗ്രന്ഥങ്ങളില്‍ കുറച്ച് മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദേശാനുസരണം സി ആപ്റ്റ് വാഹനങ്ങളില്‍ വിതരണം ചെയ്തിരുന്നു. അതില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന.
സി ആപ്റ്റ് ഡെലിവറി വിഭാഗം ചുമതലയുള്ള ജീവനക്കാരനില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. കോണ്‍സുലേറ്റില്‍ നിന്നെത്തിയ പാര്‍സലില്‍ മതഗ്രന്ഥമായിരുന്നെന്നും 24 ഗ്രന്ഥങ്ങള്‍ ജീവനക്കാര്‍ എടുത്തതായും മന്ത്രി പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച മതഗ്രന്ഥം വീട്ടിലുണ്ടെന്ന് ജീവനക്കാരന് പറഞ്ഞതിനെ തുടര്‍ന്ന് സംഘം അയാളുടെ വീട്ടില്‍ പോയി ഏറ്റുവാങ്ങി. മടങ്ങിയെത്തി മറ്റ് ചില ജീവനക്കാരില്‍ നിന്നും ഡ്രൈവര്‍ അഗസ്റ്റിനില്‍ നിന്നും മൊഴിയെടുത്തു.
തുടര്‍ന്ന്, അന്ന് ‘സി ആപ്റ്റ്’ എം.ഡിയായിരുന്ന എല്‍.ബി.എസ് ഡയറക്ടര്‍ ഡോ. എം. അബ്ദുറഹ്മാന്റെ ഓഫീസിലെത്തി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് സി ആപ്റ്റ് ഓഫീസിലെത്തി പാര്‍സല്‍ കൊണ്ടു പോയ വാഹനങ്ങളുടെ രേഖകളും യാത്ര വിവരവും പരിശോധിച്ചിരുന്നു. ‘സി ആപ്റ്റ്’ എം.ഡി, ഫിനാന്‍സ് ഉദ്യോഗസ്ഥര്‍, മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ച സ്റ്റോര്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരന് എന്നിവരില്‍ നിന്ന് വിവരം ശേഖരിച്ചിരുന്നു.