കൊച്ചി : കേരളത്തിലെ വിവാദമായ മാവോയിസ്റ്റ് കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തു. തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയ കുപ്പു ദേവരാജ്, അജിത, വേല്‍മുരുകന്‍ എന്നിവരടക്കം 19 പേര്‍ പ്രതികളായ കേസാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. 2016 ല്‍ നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തി, സി.പി.ഐ മാവോയിസ്റ്റ് സ്ഥാപക ദിനമാചരിക്കുകയും ചെയ്തുവെന്നാണ് കേസിലെ എന്‍ഐഎ എഫ്‌ഐആര്‍.
മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനില്‍ 2017 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചു കൊണ്ടിരുന്ന കേസാണ് എന്‍ഐഎ ഏറ്റെടുത്തത്. എഫ് ഐആര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രതിയായ മറ്റൊരു മലയാളി രാജന്‍ ചിറ്റിലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. 2016 സെപ്റ്റംബറില്‍ നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വനത്തില്‍ ഇവരടങ്ങുന്ന സംഘം ആയുധ പരിശീലനം നടത്തിയതെന്നും, നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനാ യോഗം ചേര്‍ന്നുവെന്നും കണ്ടെത്തി.
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ വിരുദ്ധ ക്യാംപ് സംഘടിപ്പിക്കുക, തീവ്രവാദ സംഘടനയില്‍ അംഗമാകുക, ആയുധങ്ങള്‍ ശേഖരിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റ് പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വിക്രം ഗൗഡ, സോമന്‍ , ചന്ദു എന്നിവര്‍ ഇപോഴും കേസില്‍ പിടികിട്ടാപ്പുള്ളികളാണ്. ഇപ്പോഴും തമിഴ്‌നാട് കേരള വനത്തിലുണ്ടെന്ന് കരുതുന്ന ഇവര്‍ക്കായുള്ള അന്വേഷണവും നടത്തുന്നുണ്ട്.