അടൂര്‍ /ചിറ്റാര്‍ : പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ പിടിമുറുക്കി നിധി കമ്പിനികള്‍. ചിറ്റാര്‍, സീതത്തോട്, പെരുനാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരാണ് നിധി കമ്പിനിയുടെ ചതിയില്‍പ്പെട്ടത്. മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ ഒരാളിന് 1.25 ലക്ഷം രൂപ വായ്പ നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍നിന്നായി ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ചിറ്റാറില്‍ ഒരു ഗ്രൂപ്പില്‍ മാത്രം 55 പേരുണ്ട്. 5000 മുതല്‍ 10000 രൂപ വരെ പ്രോസ്സസിംഗ് ഫീസായി ഓരോരുത്തരുടെയും കയ്യില്‍ നിന്നും ഇവര്‍ വാങ്ങി. കൂടാതെ വായ്പാ അപേക്ഷകരുടെയും ജാമ്യക്കാരുടെയും രണ്ടു ബ്ലാങ്ക് ചെക്കുകള്‍ വീതം ഇവര്‍ ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. കരം അടച്ച രസീത് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും നല്‍കിയിട്ടും വായ്പ മാത്രം നല്‍കുന്നില്ലെന്നാണ് പരാതി.
മാസങ്ങളായി ഇവര്‍ അവധി പറഞ്ഞ് നീട്ടിക്കൊണ്ടു പോയതോടെ ചിലര്‍ വായ്പ വേണ്ടെന്നു വെക്കുകയും തങ്ങള്‍ നല്‍കിയ പണവും ചെക്കുകളും തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ചിലര്‍ നിധി കമ്പിനിയുടെ ഓഫീസില്‍ ചെന്നെങ്കിലും പണവും ചെക്കും തിരികെ നല്കുവാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നെങ്കിലും അവിടെ പരാതി സ്വീകരിച്ചില്ല. ഇടപാടുകള്‍ നടന്നത് ചിറ്റാറില്‍ വെച്ചായതിനാല്‍ പരാതി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കുവാനാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. ഏനാത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും തിരികെപോരുമ്പോള്‍ നിധി കമ്പിനിയുടെ പ്രതിനിധികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ചിറ്റാര്‍ സ്വദേശിയായ ഒരു വീട്ടമ്മ പറഞ്ഞു. എടീ പോടീ എന്ന് വിളിച്ചായിരുന്നു അധിക്ഷേപം. പണവും ചെക്കും വാങ്ങിക്കാന്‍ പറ്റുമെങ്കില്‍ വാങ്ങിക്കോ എന്നും ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പറഞ്ഞു.
ഇവരുടെ ബന്ധുവായ പേഴുംപാറ സ്വദേശി ഈ നിധി കമ്പിനിയുടെ തട്ടിപ്പിനെതിരെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ് ഇട്ടതോടെ ഇയാള്‍ക്കും ഭീഷണി ഫോണുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് വിവരം. ചിറ്റാറിലെ 35 പേരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പരാതി കൈപ്പറ്റിയില്ലെങ്കിലും ഏനാത്ത് പോലീസും ഈ വിഷയം അന്വേഷിക്കുന്നുണ്ട്.
മുമ്പ് ചിറ്റാറിലെ ചിലര്‍ക്ക് 25000 രൂപാ വീതം ഈ ധനകാര്യസ്ഥാപനം വായ്പ നല്‍കിയിരുന്നു. ഇവരിലൂടെയാണ് ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് നീങ്ങിയത്. വിപുലമായ ഒരു തട്ടിപ്പിന്റെ തുടക്കമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വളരെ വിപുലമായ ശ്രുംഗലയാണ് ഈ സ്ഥാപനത്തിനുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി മുമ്പോട്ടുവരുമെന്നാണ് സൂചന. സ്വകാര്യ ബ്ലെയിഡ് കമ്പിനികളുടെ തട്ടിപ്പിന് ഇരയായവര്‍ക്ക് വിവരങ്ങള്‍ നല്‍കാം – Whatsapp 751045 3033. > > > നിധി കമ്പിനികളുടെ തട്ടിപ്പുകള്‍ > തുടരും…..