കൊച്ചി : കേരളത്തിലെ മിക്ക നിധി കമ്പിനികളുടെയും പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. നിരവധി കമ്പിനികള്‍ അടച്ചുപൂട്ടേണ്ടി വരും. ഹൈക്കോടതി ഉത്തരവിലൂടെയാണ് ചില കമ്പിനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി ഉത്തരവിലൂടെ പ്രവര്‍ത്തിക്കുന്ന നിധി കമ്പിനികളുടെ ഭാവി എന്താകും എന്നതില്‍ നിക്ഷേപകര്‍ കടുത്ത ആശങ്കയിലാണ്. പല ധനകാര്യ സ്ഥാപനങ്ങളും കോടികളുടെ കടബാധ്യതയിലാണ്. എന്നാല്‍ ഇതൊന്നും പുറമേ കാണിക്കാതെ കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തുന്ന തിരക്കിലാണ് മിക്കവരും. ജീവനക്കാര്‍ക്ക് വന്‍ കമ്മീഷനാണ് നല്‍കുന്നത്. ഒരു കോടിരൂപയുടെ നിക്ഷേപം പിടിച്ചുനല്കുന്ന ജീവനക്കാരന് ആഡംബര കാര്‍ നല്‍കും. ഇതിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്.
വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. ആയിരക്കണക്കിന് കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. തൃശൂര്‍ ജില്ലയിലെ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കുറി കമ്പിനികളും അടുത്ത നാളില്‍ പൂഅടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ഒന്നും പുറത്തെത്തുന്നില്ല. നിക്ഷേപ തട്ടിപ്പിന് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിക്കഴിഞ്ഞു.
കോവിഡ് രോഗവ്യാപനത്തെ തുടന്നുണ്ടായ ലോക്ക് ഡൌണില്‍ സാമ്പത്തിക രംഗം താറുമാറായിക്കഴിഞ്ഞു. ഈ അവസരം മുതലെടുത്തുകൊണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ത്തുകൊണ്ട് ചിലര്‍ നിക്ഷേപ തട്ടിപ്പിന് ഒരുങ്ങുകയാണ്. അടുത്ത നാളില്‍ നൂറുകണക്കിന് ബ്രാഞ്ചുകളാണ് കേരളത്തിലുടനീളം തുടങ്ങിയിരിക്കുന്നത്. ഉള്‍ ഗ്രാമങ്ങളില്‍ പോലും ഇവര്‍ പിടിമുറുക്കിക്കഴിഞ്ഞു. എല്ലാവരും വളരെ ഊര്‍ജ്ജിതമായി തന്നെ നിക്ഷേപ സമാഹരണവും നടത്തുകയാണ്. നിക്ഷേപ തട്ടിപ്പ് നടത്തുവാനും രക്ഷപെടാനും മുന്നൊരുക്കങ്ങള്‍ ചിലര്‍ ആരംഭിച്ചുകഴിഞ്ഞു. © Copyright Pathanamthitta Media 2021. All rights reserved