നിലക്കല്‍ : അയ്യപ്പഭക്തരുടെ ഒഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും പാര്‍ക്കിംഗിനും വിപുലമായ ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. വര്‍ധിച്ചുവരുന്ന തീര്‍ഥാടക പ്രവാഹം മുന്നില്‍കണ്ടാണ് തിരക്ക് നിയന്ത്രിക്കുന്നതിനും വാഹനപാര്‍ക്കിംഗിനും പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ 7000 വാഹനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യാനേ നിലവില്‍ സൗകര്യമുള്ളൂ. അതുകഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ വരുന്ന വാഹനങ്ങള്‍ ഇടത്താവളങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് അവരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയില്‍ എത്തിക്കേണ്ടതുമായ സാഹചര്യമുണ്ടാവും. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് പൂര്‍ണമായും നിറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ കടത്തിവിടുകയുള്ളു. അതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള ഇടത്താവളങ്ങള്‍ അയ്യപ്പഭക്തര്‍ പ്രയോജനപ്പെടുത്തണം. പത്തനംതിട്ട, എരുമേലി, വടശേരിക്കര, പെരുനാട്, കോന്നി തുടങ്ങിയ ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
മകരവിളക്ക് ദര്‍ശനം ലക്ഷ്യമാക്കി വരും ദിവസങ്ങളില്‍ ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ വരവ് വര്‍ധിക്കുമെന്നതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന് മുന്നൊരുക്കം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മുഴുവന്‍ കാര്യങ്ങളും ക്രമീകരിച്ചത്. വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തണമെന്നും സുഗമമായ തീര്‍ഥാടനത്തിന് സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.