ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ദയാധനം സംബന്ധിച്ച് ചര്‍ച്ചകളാണ് അധികൃതര്‍ ആരംഭിച്ചത്. യെമനീ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. 50 ദശലക്ഷം യെമന്‍ റിയാലാണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്. ഇത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും. യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയുമായി ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.10 മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽട്ടിയും നൽകണം. റംസാന്‍ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും യെമൻ അധികൃതർ അറിയിച്ചു. റംസാന്‍ മാസം കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.
ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹമാണ് മധ്യസ്ഥം വഹിക്കുന്നത്. നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആണ് നേതൃത്വം നൽകുന്നത്. നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗൺസിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാന്‍ തീരുമാനിച്ചത്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. 2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.