പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ. അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥിയും മത്സ്യ കച്ചവടം നടത്തുന്ന സഹോദരങ്ങളും അടക്കമുള്ളവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പീഡനക്കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. നാളെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്. ഇതിൽ ആദ്യ പരിശോധനയിൽ തന്നെ പീഡനത്തിൽ ഉൾപ്പെട്ടുവെന്ന് പോലീസ് ഉറപ്പിച്ച 5 പേരുടെ അറസ്റ്റ് ഇന്നലെ തന്നെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി.
10 പേരെ ഇന്ന് രാവിലെയോടെയാണ് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. അത്ലറ്റായ പെൺകുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിക്കപ്പെട്ടു. പെൺകുട്ടിയെ അഞ്ചംഗ സംഘം പീഡിപ്പിച്ച വാഹനം പത്തനംതിട്ട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാരുതി 800 കാറാണ് കസ്റ്റഡിയിലെടുത്തത്. കാറിൽ വെച്ച് പീഡനം നടന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പരമാവധി പ്രതികളെ ഉടൻ പിടികൂടാനാണ് പോലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നുന്നത്.