കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായാണ് കേന്ദ്ര സംഘത്തിന്റെ പരിശോധന. വൈറസ് ബാധയേറ്റ് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദര്‍ശിച്ചത്. മരിച്ച വ്യക്തികളുടെ വീടിന് പുറമേ ബന്ധു വീടുകളിലും രോഗബാധിതന്‍ പോയിരിക്കാന്‍ സാധ്യതയുള്ള പറമ്പുകളും സന്ദര്‍ശിച്ചു.
വവ്വാല്‍ സര്‍വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. സംഘത്തിലുളളത് ഹനുല്‍ തുക്രല്‍, എം സന്തോഷ് കുമാര്‍, ഗജേന്ദ്രസിങ് എന്നിവരാണ് . മരിച്ച വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സംഘം തോട്ടത്തിലെത്തി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. സമീപത്തുള്ള തറവാട് വീട് സന്ദര്‍ശിച്ച സംഘം മരിച്ച വ്യക്തിക്ക് രോഗ ബാധയേല്‍ക്കുന്നതിന് മുന്‍പ് ചെയ്ത ജോലിയെക്കുറിച്ചുള്ള വിവരങ്ങളും യാത്ര ചെയ്ത സ്ഥലങ്ങളും ചോദിച്ചറിഞ്ഞു.