കോഴിക്കോട് : ചാത്തമംഗലത്ത് 12 വയസ്സുകാരന്റ മരണത്തിനിടയാക്കിയ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രദേശത്ത് ചത്തനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടേയും കുട്ടിയുടെ വീട്ടിലെ ആടിന്റേയുമടക്കം സാംപിളുകളിലൊന്നും വൈറസിന്റ സാന്നിധ്യമില്ല. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ജീവനോടെ പിടിച്ച പഴംതീനി വവ്വാലുകളുടെ സ്രവം ഞായറാഴ്ച പരിശോധിക്കും.
വവ്വാലുകള്‍ കടിച്ച റമ്പൂട്ടാന്റേയും പേരയ്ക്കയുടേയും പരിശോധനാഫലവും വരാനുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 280ഓളം പേരില്‍ ഇതുവരെ ഫലം വന്ന 123 പേരും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പുണെയില്‍ നിന്നെത്തിയ വിദഗ്ധർ ഇന്നു മടങ്ങും. ചാത്തമംഗലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം അതേപടി തുടരുകയാണ്.